e mërkurë, 25 korrik 2007

നിങ്ങളെന്നെ വര്‍ഗീയവാദിയാക്കി(?)

ചിന്തകള്‍ കൊണ്ടെത്തിച്ചത് ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങളിലേക്കാണ്.
അതല്ലെങ്കില്‍ പറയാന്‍ മടിക്കുന്ന കുറേ ഉത്തരങ്ങളുടെ കൂര്‍ത്ത മുനകള്‍ ഭയപ്പെട്ട് അറിയില്ലെന്ന് സ്വയം നടിക്കുന്നു, വയ്യ.....
കുറേ ജന്മങ്ങള്‍ നശിപ്പിച്ചിട്ടെന്തു നേടാന്‍ എനിക്ക്........
എന്റെ നഷ്ടങ്ങള്‍ നികത്തുന്നത് മറ്റുള്ളവര്‍ക്ക് നഷ്ടപ്പെടുത്തിയിട്ടാണോ,അല്ലെങ്കില്‍ അതുകൊണ്ട് എന്റെ നഷ്ടങ്ങള്‍ നഷ്ടങ്ങളല്ലാതായിത്തീരുമോ?
ചിന്തകള്‍ വിദൂരതയിലേക്ക് സഞ്ചരിച്ചുകൊണ്ടേയിരുന്നു, അനന്തമായ ചിന്തകള്‍ പഴയ ഓര്‍മകള്‍ പുതുക്കുമ്പോള്‍ താന്‍ വികാരാവേശനാകുന്നത് അയാള്‍ അറിഞ്ഞു,
കണ്മുന്നില്‍ താന്‍ സ്വരുക്കൂട്ടിയ സ്വപ്നങ്ങള്‍ തകര്‍ന്നടിയുന്നതിലല്ലായിരുന്നു തന്റെ വേദന
പിന്നെ.........
എന്തിനായിരിക്കാം ആ പിഞ്ചോമനകളെ അവര്‍ വാളിനിരയാക്കിയത് , അവര്‍ക്കിടയില്‍ നിന്ന് തങ്ങള്‍ക്കെതിരില്‍ ശത്രുക്കള്‍ പൊങ്ങിവരുമെന്ന് അവര്‍ ഭയപ്പെടുന്നുണ്ടായിരുന്നോ...
അതല്ലെങ്കില്‍ മനസു മരവിച്ച് അവര്‍ കൊലയും ഒരു വിനോദമായി വികസിപ്പിച്ചതായിരിക്കാം.
ഏത് നശിച്ച നിമിഷത്തിലാണ് ഞാന്‍ അവരുടെ വഴി തന്നെ തിരഞ്ഞെടുത്തത്,
എന്തുകൊണ്ടെന്നില്‍ ഹൃദയവിലാപങ്ങള്‍ ചലനമുണ്ടാക്കിയില്ല.
ചിന്തകള്‍ക്ക് വിരാമമിട്ടത് കൂട്ടുകാരന്റെ കൈകള്‍ തോളിലമര്‍ന്നപ്പോഴാണ്
ഒരു നിമിഷം അയാള്‍ അവന്റെ മുഖത്തേക്കൊന്ന് നോക്കി, പെട്ടന്ന് തന്നെ നോട്ടം പിന്‍‌വലിച്ചു,
ഒരു നോട്ടം പോലും തന്നിലെ കുറ്റബോധത്തെ ആളിക്കത്തിക്കുമെന്നയാള്‍ ഭയപ്പെട്ടു.
വീണ്ടുമൊരു പടപ്പുറപ്പടിനുള്ള ഒരുക്കത്തിലാണെന്റെ സഹപ്രവര്‍ത്തകര്‍,
പ്രതികാരം ചോദിക്കാന്‍......
ഇനിയും ഇവര്‍ക്കൊപ്പം ഇറങ്ങിപ്പുറപ്പെടേണ്ടിവരുമോ എന്ന ശങ്ക,ഇല്ല ഇനി വയ്യ
തനിക്കു മുന്നില്‍ നിലവിളിയോടെ പിടഞ്ഞു വീഴുന്ന കുഞ്ഞുങ്ങളാണെന്നെ ഈ വഴിയിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. അപ്പോള്‍ പിന്നെ ഞാനിനിയും ഈ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ ഇനിയും കുഞ്ഞുങ്ങള്‍ അനാഥമാവില്ലെ,അവരുടെ ചിരി പടരുന്ന മുഖങ്ങള്‍ ഇരുള്‍ മൂടുകയില്ലെ ,
ഒന്നിനും അയാള്‍ക്കുത്തരമില്ല
ഒരു വശം നന്മയെ ആഗ്രഹിക്കുമ്പോള്‍ മറുവശത്ത് ആ നന്മതന്നെ തന്നെ നിഗ്രഹത്തിന്‍ പ്രേരിപ്പിക്കുകയാണൊ...
ഏത് മതമാണ് അന്യമതക്കാരനെ വധിക്കണമെന്നു പഠിപ്പിച്ചത്, ഇല്ല ഒരു മതവുമില്ല
എല്ലാവരും പരസ്പര സാഹോദര്യത്തേയും ബഹുമാനത്തേയും ഊട്ടിയുറപ്പിക്കാന്‍ ആഹ്വാനം ചെയ്തവരാണ്.
പിന്നെ എങ്ങനെയാണ് മതത്തിന്റെ പേരില്‍ മനുഷ്യന്‍ പരസ്പരം പോരടിക്കുന്നത്.
അതിനു മയാള്‍ക്കുത്തരമില്ല.
നിമിഷങ്ങള്‍ പിന്നെയും സഞ്ചരിക്കുമ്പോള്‍ കുറ്റബോധം അയാളെ പിന്തുടര്‍ന്നു കൊണ്ടേയിരുന്നു,അയാള്‍ മനസിനെ ന്യായാന്യായങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും.
മനസ്സ് ശാന്തമാക്ക്ന്‍ ഒരല്പം നടക്കാമെന്നു കരുതി എഴുന്നേല്‍ക്കാനാഞ്ഞപ്പോള്‍ പിറകില്‍ നിന്ന് വിളി വന്നു;
പുതിയ കുരുതിക്കായി, ഇരകളേത്തേടി....
അറിയാതെ അയാളുടെ കൈകള്‍ മുന്നില്‍ അലക്ഷ്യമായിക്കിടന്നിരുന്ന കത്തിപ്പിടിയിലേക്ക് നീണ്ടു
ഒന്നറച്ചെങ്കിലും അയാള്‍ അതെടുക്കുക തന്നെ ചെയ്തു
സ്വയമറിയാതെ മുന്നോട്ട് നീങ്ങുമ്പോള്‍ നേതാവ് നഷ്ടങ്ങളുടെ കണക്കുകള്‍ നിരത്തി പ്രതികാരത്തിനിറങ്ങിയവര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ടിരുന്നു.
സ്നേഹവും മതേതരത്വവും പ്രസംഗകര്‍ക്ക് എടുത്തമ്മാനമാടാനുള്ള വെറും പദങ്ങള്‍ മാത്രം ,
അവര്‍ക്കൊപ്പം നടന്ന് നീങ്ങുമ്പോള്‍ തന്റെ വാള്‍ ഒരിക്കലും ചലിക്കുകയില്ലെന്ന് പ്രതിജ്ഞയെടുത്തിരുന്നു അയാള്‍
പക്ഷെ.......
തന്റെ മുന്നില്‍ ആരാണത്,
അയാളുടെ മനസ്സില്‍ പ്രതികാരവും കോപവും ഇരച്ചു കയറി ,പിന്നെയൊന്നുമാലോചിച്ചില്ല
അയാള്‍ കയ്യിലെ വാള്‍ ആഞ്ഞു വീശി ,വീണ്ടും വീണ്ടും മതിവരുവോളം
ആ പിശാചിനെ ഞ്ഞാന്‍ കൊന്നു.......
അയാള്‍ ആകാശത്തേക്ക് നോക്കി ആര്‍ത്തട്ടഹസിച്ചു.
അതെ അതയാളായിരുന്നു,
തന്റെ മുന്നിലിട്ട് പിഞ്ചു കുഞ്ഞുങ്ങളെ അരിഞ്ഞു വീഴ്ത്തി ആനന്ദനൃത്തമാടിയവന്‍
കൂടെയുള്ളവര്‍ ചിതറിയോടുമ്പോഴും അയാള്‍ ഒരുതരം ഉന്മാദത്തിലായിരുന്നു ,പിറകില്‍ പോലീസ്
ഇളകി വരുന്നത് അയാള്‍ അറിയുന്നില്ലായിരിക്കണം.

1 koment:

ഫാല്‍കണ്‍ tha...

അതെ അതയാളായിരുന്നു,


തന്റെ മുന്നിലിട്ട് പിഞ്ചു കുഞ്ഞുങ്ങളെ അരിഞ്ഞു വീഴ്ത്തി ആനന്ദനൃത്തമാടിയവന്‍


കൂടെയുള്ളവര്‍ ചിതറിയോടുമ്പോഴും അയാള്‍ ഒരുതരം ഉന്മാദത്തിലായിരുന്നു ,പിറകില്‍ പോലീസ്


ഇളകി വരുന്നത് അയാള്‍ അറിയുന്നില്ലായിരിക്കണം.